കണ്ണൂര്‍: ചിറക്കര, കെ ടി പി മുക്കില്‍ നിന്നും 185 ഗ്രാം എം ഡി എ എ പിടികൂടിയ കേസിലെ മുഖ്യകണ്ണികളായ വിദേശ വനിതകളെ പൊലീസ് അറസ്റ്റു ചെയ്തു. നൈജീരിയന്‍ സ്വദേശിനി ഒക്കീറിയ ചിനലോ ലിലിയന്‍ എന്ന സാന്റ (36),കാമറൂണ്‍ സ്വദേശിനി ഫിലോമിന്‍ ചാന്‍സിലന്‍ എന്ന ചാന്‍സി (31) എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നു അറസ്റ്റു ചെയ്തതെന്നു ഡി ഐ ജി കെ. കാര്‍ത്തിക്, സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡി, തലശ്ശേരി എ എസ് പി നന്ദഗോപന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
നൈജീരിയന്‍ സ്വദേശിനി ഒക്കീറിയ ചിനലോ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയില്‍ എത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും യുവതി ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നുവെന്നു ഡി ഐ ജി പറഞ്ഞു.

ഫിലോമിന്‍ ബിസിനസ് വിസയിലാണ് എത്തിയത്. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. വിദേശത്ത് നിന്നു മാരക മയക്കുമരുന്ന് എത്തിച്ച് പ്രധാന ലഹരി കച്ചവടക്കാര്‍ക്കു വിതരണം ചെയ്യുന്നത് ഇവരാണെന്നു അധികൃതര്‍ പറഞ്ഞു.
തലശ്ശേരി, ചിറക്കരയില്‍ പിടിയിലായ എം ഡി എം എ എത്തിച്ചതും ഇതേ സംഘമാണ്. ഇവരുടെ റാക്കറ്റില്‍ നിന്നു എട്ടു ലക്ഷം രൂപ ഇതുവരെയായി പിടിച്ചെടുത്തിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു.
ഒന്‍പതു അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വ്യാജ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവ പിടിച്ചെടുത്തതായി കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 26ന് ആണ് ചിറക്കര കെ ടി പി മുക്കിലെ മുഹമ്മദ് സമീമില്‍ നിന്നു 185 ഗ്രാം എം ഡി എം എ പിടികൂടിയത്.








