വിവാദങ്ങൾ വിട്ടൊഴിയാതെ കുമ്പള മർച്ചൻസ് അസോ.; അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വ്യാപാരിയെ പുറത്താക്കി

കുമ്പള: അംഗങ്ങളുടെ വ്യാപാര പുരോഗതിയും വ്യാപാര മേഖലയിലെ പുതിയ പ്രവണതകളും പരസ്പരം കൈമാറാനും അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും ഏർപ്പെടുത്തിയ കുമ്പള മർച്ചൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു വ്യാപാരിയെ ഇന്നലെ നീക്കം ചെയ്തതു വ്യാപാരികളിലും നാട്ടുകാരിലും വിവാദത്തിന് വഴിവച്ചു. കുമ്പള ബസ് സ്റ്റാൻഡ് പ്രശ്നത്തിൽ വ്യാപാരി സംഘടനയും പോഷക സംഘടനകളും വ്യാപാര – ജനകീയ താല്പര്യങ്ങൾ എടുത്ത് കാട്ടി നടത്തിയ പ്രക്ഷോഭങ്ങൾ ചീറ്റി പ്പോയതിന്റെ ജാള്യതയിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ ആണ് വിവാദങ്ങളുടെ തോഴനെന്നു പ്രശസ്തമായ സംഘടന പുതിയ വിവാദത്തിന് തിരികൊളുത്തിയതെന്ന് ആക്ഷേപം ഉയർന്നു. മാത്രമല്ല വാട്സ്ആപ് വിവാദത്തിന് പിന്നിൽ വിഭാഗീയ നടപടികളുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇംഗ്ലീഷ് മരുന്നുകളുടെ അമിതമായ വിലയിൽനിന്ന് പാവങ്ങളെയും സാധാരണക്കാരെയും രക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജനൗഷധി ആരംഭിച്ചതെന്നും ഗുണനിലവാരവും വിലക്കുറവുമാണ് ജനൗഷധിയുടെ സവിശേഷത എന്നും പരാമർശിക്കുന്ന ഒരു വീഡിയോ ഇന്നലെ കുമ്പളയിലെ ഒരു വ്യാപാരിയായ നരസിംഹ പൈ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഓരോ സ്വകാര്യ ഇംഗ്ലീഷ് മരുന്നിന്റെ വിലയും അതേ മരുന്നിന് അതിന്റെ പത്തിൽ ഒന്ന് വരെ വിലക്കുറവിൽ അത്യധികം ഗുണനിലവാരത്തോടെ ലഭിക്കുന്ന ജനൗഷധി മരുന്നിന്റെ വിലയും വിശദീകരിക്കുന്നതാ യിരുന്നു വീഡിയോ എന്ന് പറയുന്നു. ഈ വീഡിയോ ഇന്നലെ വൈകിട്ട് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത് അധികം കഴിയും മുമ്പ് ഗ്രൂപ്പ് അഡ്മിനും വ്യാപാരിയും സ്വകാര്യ മരുന്ന് ഷാപ്പ് ഉടമയുമായ അൻവർ ഡിലീറ്റ് ചെയ്യുകയും നരസിംഹ പൈയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാണ് പരാതി.

സംഭവം വ്യാപാരികൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം രൂക്ഷമാക്കുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ അംഗങ്ങളായ വ്യാപാരികൾ സാധാരണ അവരവരുടെ വ്യാപാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ ഒരു വ്യാപാരിയോട് മാത്രം പ്രതികാരം ചെയ്യുന്നതിന്റെ പ്രസക്തി എന്താണെന്നു മറ്റു വ്യാപാരികൾ ആരായുന്നു. സംഘടനയെ ചിലർ സ്വന്തം നേട്ടത്തിനും വിഭാഗീയ താൽപര്യങ്ങൾക്കും കരുവാക്കുന്നതായി നേരത്തെ കുമ്പളയിൽ ആരോപണമുണ്ട്. ഈ ആരോപണങ്ങളും ഇതോടൊപ്പം ചൂടുപിടിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page