കോഴിക്കോട്: ഗര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക റിഫില്ലുകള്‍ക്ക് ആധാര്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ (ഇ കെ വൈ സി) നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം പുറത്തുവിട്ടു. ഓതന്റിക്കേഷന്‍ നടത്താത്തവര്‍ക്കു സബ്‌സിഡി ലഭിക്കില്ല. എന്നാല്‍ സിലിണ്ടര്‍ ലഭിക്കും. അതിനു വിപണിയിലെ കൂടിയ വില നല്‍കേണ്ടിവരും. മാത്രമല്ല, വലിയ സിലിണ്ടറുകള്‍ക്കു പകരം ചെറിയ അളവിലുള്ള സിലിണ്ടറുകളേ ലഭിക്കാനിടയുള്ളൂ.
സിലിണ്ടര്‍ വാങ്ങുന്ന സമയത്തോ, പാചകവാതക വിതരണക്കാരന്റെ ഷോറൂമില്‍ നിന്നോ, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴിയോ ഓതന്റിക്കേഷന്‍ ചെയ്യാം. ഇതിന് ഇതിനിടയില്‍ നാലു തവണ സമയം നീട്ടിക്കൊടുത്തിട്ടുണ്ടെന്നും 89 ശതമാനം പേര്‍ ഓതന്റിക്കേഷന്‍ ചെയ്തു കഴിഞ്ഞതായും അറിയിപ്പില്‍ പറഞ്ഞു. ഇ കെ വൈ സി പൂര്‍ത്തിയാക്കുന്നതിനുള്ള വീഡിയോ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോര്‍ട്ടലില്‍ ലഭ്യമാണ്.
സബ്‌സിഡിയുള്ള എല്‍ പി ജി സിലിണ്ടറുകള്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്കു തന്നെ ലഭ്യമാവുന്നെന്ന് ഉറപ്പാക്കുകയാണ് ഓതന്റിക്കേഷന്റെ ലക്ഷ്യം. ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കു ദുരുപയോഗം ചെയ്യുന്നതു തടയാനും ഇത് ലക്ഷ്യമാക്കുന്നു.








