കൊല്ലം: സ്വര്‍ണ്ണാഭരണം തിളക്കമുള്ളതാക്കിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കി തട്ടിപ്പു നടത്തിയ ബിഹാര്‍ സ്വദേശികളായ രണ്ടു പേരെ കൊല്ലം ചവറ പൊലീസ് അറസ്റ്റു ചെയ്തു.
ബീഹാറിലെ സച്ചിന്‍ കുമാര്‍, ദിനേഷ് ഷാ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്വര്‍ണ്ണം, പിച്ചള എന്നിവകൊണ്ടുണ്ടാക്കിയ ആഭരണങ്ങളും പാത്രങ്ങളും തിളക്കമുള്ളതാക്കിക്കൊടുക്കാമെന്നു പറഞ്ഞു ഏതാനും ദിവസം മുമ്പു ചവറയിലെത്തിയ ഇവര്‍ രണ്ടു സ്ത്രീകളില്‍ നിന്നു 10 ഗ്രാമും 18 ഗ്രാമും തൂക്കമുള്ള മാലകള്‍ വാങ്ങുകയും അതു കുറേ നേരം രാസ ലായനിയിലിട്ടശേഷം തിരിച്ചു കൊടുക്കുമ്പോള്‍ നല്ല തിളക്കമുണ്ടായിരുന്നു. അതേസമയം ആഭരണത്തിനു ഭാരക്കുറവും അനുഭവപ്പെട്ടു. സംശയത്തെത്തുടര്‍ന്നു മാലകള്‍ തൂക്കിച്ചു നോക്കിയപ്പോള്‍ 10 ഗ്രാം ഉണ്ടായിരുന്ന സ്വര്‍ണ്ണമാല ഏഴുഗ്രാമായി കുറഞ്ഞു. 18 ഗ്രാം തൂക്കമുണ്ടായിരുന്ന മാല 12 ഗ്രാമായി കുറയുകയും ചെയ്തു. തുടര്‍ന്നു മാലയുടെ ഉടമകളായ സ്ത്രീകള്‍ ചവറ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതി വിദഗ്ദ്ധമായ അന്വേഷണത്തില്‍ പൊലീസ് തട്ടിപ്പു സംഘത്തെ പിടികൂടുകയായിരുന്നു.








