ബംഗ്‌ളൂരു: ഭക്ഷണം ഉണ്ടാക്കാതെ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലഴിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ബംഗ്‌ളൂരു, എച്ച് എ എല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകവും ആത്മഹത്യയും നടന്നത്. ഭാര്യയായ ശ്രുതി (30)യെ ബിയര്‍കുപ്പിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാഘവേന്ദ്ര (36)യാണ് ജീവനൊടുക്കിയത്. സ്ഥിരമായി മദ്യലഹരിയില്‍ എത്തുന്ന ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഏതാനും ദിവസം മുമ്പ് ശ്രുതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം ശ്രുതിയെയും ഭര്‍ത്താവ് രാഘവേന്ദ്രയെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. സംഭവസമയത്ത് ശ്രുതിയുടെ രണ്ടു മക്കളും തറവാട് വീട്ടിലായിരുന്നു.








