തളിപ്പറമ്പ്: യുവതിയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പെരിങ്ങത്തൂര്‍ കരിയാടെ പുന്നത്തുമ്മല്‍ ഹൗസില്‍ അഖില രാജന്‍ (23), സുഹൃത്ത് ഏച്ചൂരിലെ അശ്വന്ത് (25) എന്നിവരാണ് അക്രമത്തിന് ഇരയായത്. പരാതിയില്‍ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ സൗരവ്, പിതാവ് പ്രദീപന്‍, മാതാവ് സജിത, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ഓടെ ധര്‍മ്മശാല യൂണിവേഴ്സിറ്റിക്ക് സമീപത്തെ റോഡിലാണ് കേസിനാസ്പദമായ സംഭവം. കാറില്‍ വരികയായിരുന്ന ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ഒന്നാംപ്രതി സൗരവ് യുവതിയുടെ മുഖത്ത് അടിക്കുകയും മരക്കട്ട കൊണ്ട് മൂക്കിന് കുത്തുകയും കൈവിരലില്‍ കടിക്കുകയും സുഹൃത്തിന്റെ നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. മറ്റുള്ളവരും അക്രമിച്ച് വസ്ത്രം കീറിയെന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഒന്നാം പ്രതിയായ സൗരവിനെതിരെ അഖില നേരത്തെ കണ്ണൂര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ആക്രമണമെന്നും പരാതിയിലുണ്ട്.
സൗരവും അഖിലയും നേരത്തെ പ്രണയത്തിലായിരുന്നു. ഇതിനിടെ നേരത്തെ സൗരവിനെതിരെ മറ്റൊരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അഖില ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നത്രെ. പിന്നാലെ മറ്റൊരു യുവാവുമായി അഖിലയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. സൗരവ് അപവാദം പ്രചരിപ്പിക്കുന്നതായി കാണിച്ചാണ് കണ്ണൂര്‍ വനിതാസെല്ലില്‍ യുവതി പരാതി നല്‍കിയത്. കേസ് ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞ് അഖിലയെയും സുഹൃത്തിനെയും സൗരവിന്റെ വീട്ടുകാര്‍ ധര്‍മ്മശാലയിലേക്ക് വിളിച്ചുവരുത്തി അക്രമം നടത്തുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം സൗരവിന്റെ പരാതിയില്‍ യുവതിക്കും സുഹൃത്തിനുമെതിരെയും പൊലീസ് കേസെടുത്തിരുന്നു. തന്റെ വീട്ടിലെത്തിയ അഖിലയും സുഹൃത്തും അക്രമം നടത്തിയെന്നാണ് യുവാവിന്റെ പരാതി.








