കാസര്‍കോട്: 14.37 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉദിനൂര്‍, പരത്തിച്ചാല്‍, ടി.സി.എ.ആര്‍ മന്‍സിലിലെ എ.സി മുഹമ്മദ് സബീറി(44)നെയാണ് മേല്‍പ്പറമ്പ് എസ്‌ഐ ടി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (ചൊവ്വ) രാത്രി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട്, ഇടുവുങ്കാലില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ കാസര്‍കോട് ഭാഗത്ത് നിന്നും എത്തിയ കാറിനു പൊലീസ് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിപ്പോവുകയായിരുന്നു. ഇതോടെ കാറിനെ പിന്തുടര്‍ന്ന് കളനാട് വച്ച് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ സിഐ പി. അജിത്ത് കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്.
മുഹമ്മദ് സബീറിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളതായി മൊഴി നല്‍കി. ഈ വിവരം മേല്‍പ്പറമ്പ് പൊലീസ് കാസര്‍കോട് ടൗണ്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ലോഡ്ജില്‍ എത്തി മുറി തുറന്നു പരിശോധന നടത്തി 4 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഈ സംഭവത്തില്‍ ടൗണ്‍ പൊലീസും മുഹമ്മദ് സബീറിനെതിരെ കേസെടുത്തു.







