തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്തുവയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയും ഷനീജ മന്‍സിലില്‍ താമസക്കാരനുമായ എന്‍. ഇസ്മായില്‍ (58) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഒരു മദ്രസയില്‍ മതപഠനത്തിനായി എത്തിയ കുട്ടികളെ അധ്യാപകനായ ഇസ്മായില്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിനിരയായ കുട്ടികള്‍ വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വലിയതുറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടികളുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മുന്‍പും സമാനരീതിയില്‍ കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.








