കണ്ണൂര്‍: വധശ്രമക്കേസില്‍ 29 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. അഴീക്കോട്, മീന്‍കുന്ന് സ്വദേശി തായകത്ത് ഫസലി ( 51) നെയാണ് കണ്ണൂര്‍ ഡിഐജി കെ .കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. 1997 ജനുവരി മൂന്നിന് അഴീക്കോട്, മീന്‍കുന്ന് ,ലൈറ്റ് ഹൗസിനു സമീപത്തു വച്ച് അഴീക്കോട് സ്വദേശിയായ സുനില്‍കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഫസല്‍. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്കു മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് 2002ല്‍ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളോളം ദുബായിയില്‍ ഒളിവില്‍ കഴിഞ്ഞ ഫസല്‍ പിന്നീട് ഹോളണ്ടിലെത്തി. അവിടെ നിന്നു പിന്നീട് അയര്‍ലന്റില്‍ എത്തി അഞ്ചു വര്‍ഷക്കാലം ജോലി നോക്കി.
കഴിഞ്ഞ ദിവസം അയര്‍ലാന്റില്‍ നിന്നും നാട്ടിലേയ്ക്ക് വരുന്നതിനിടയിലാണ് ഫസല്‍ ,എ സി പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ളപൊലീസ് സംഘത്തിന്റെ പിടിയിലായത്.








