കൊല്ലം: പിണങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങല്‍ സ്വദേശി സനില്‍കുമാറിന്റെ കയ്യില്‍ നിന്നാണ് ഒരുഗ്രാം എംഡിഎംഎ പിടികൂടിയത്.
ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവര്‍. അവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ സനില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ പോകുന്നത് കണ്ട് പിന്നാലെ സുനിലും ഇറങ്ങി. തന്നെ പിന്തുടരുന്നുണ്ടെന്നും വീണ്ടും മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയ യുവതി നേരെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നാലെ സനിലും സ്റ്റേഷനിലെത്തി. അപ്പോഴാണ് തന്നെ ഭര്‍ത്താവ് മര്‍ദ്ദിച്ച കാര്യം യുവതി പൊലീസിനെ അറിയിച്ചത്. ഇതോടെ സനിലിനെ പൊലീസ് ചോദ്യം ചെയ്തു. സനിലിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ പൊലീസ് ദേഹപരിശോധന നടത്തി. അപ്പോഴാണ് യുവാവിന്റെ പാന്റ്‌സിന്റ കീശയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്ന് സനില്‍കുമാറിനെതിരെ കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി.








