കണ്ണൂര്‍: കൂത്തുപറമ്പ് പാതിരിയാട് സ്വദേശിനിയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനമെന്ന കുടുംബത്തിന്റെ പരാതിയിലാണ് കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മരണം നടന്ന് ആറുമാസത്തിന് ശേഷം ആണ് പൊലീസ് നടപടി വരുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് പാതിരിയാട് സ്വദേശിനി ജ്യോതിഷ(26)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിലാണ് ഭര്‍ത്താവ് സജില്‍, അമ്മ ചന്ദ്രി, സഹോദരി ജൂന എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനം സഹികെട്ടാണ് യുവതി മരിച്ചതെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ജ്യോതിഷയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൂത്തുപറമ്പ് പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.








