മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ ഡോ. കെ ജെ യേശുദാസ്. ആശംസയോടൊപ്പം യേശുദാസ് മമ്മൂട്ടിയോടൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പുഞ്ചിരിച്ച് നില്‍ക്കുന്ന യേശുദാസും യേശുദാസിന്റെ താടിയില്‍ കൈവച്ച് ക്യാമറ ലെന്‍സിലൂടെ നോക്കുന്ന മമ്മൂട്ടിയുമാണ് ചിത്രത്തിലുള്ളത്. ഫേസ്ബുക്കിലൂടെയാണ് പഴയ ചിത്രം ഗാനഗന്ധര്‍വന്‍ പങ്കുവച്ചിരിക്കുന്നത്. യേശുദാസിന്റെ ആശംസയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഫോട്ടോഗ്രഫിയോട് കമ്പമുള്ള ആളാണ് മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി യേശുദാസിനോട് പോസ് ചെയ്യാന്‍ നിര്‍ദേശം നല്‍കുന്ന തരത്തിലുള്ള ഈ ചിത്രത്തിനും കൗതുകമുണ്ട്. മലയാള ചലച്ചിത്രരംഗത്തെ രണ്ട് വിസ്മയങ്ങളാണ് യേശുദാസും മമ്മൂട്ടിയും. ഒരാള്‍ തന്റെ അനശ്വരമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയപ്പോള്‍, മറ്റൊരാള്‍ വിസ്മയിപ്പിക്കുന്ന അഭിനയം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും യേശുദാസിന്റെ ഗാനങ്ങള്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. യേശുദാസ് പാടിയ മനോഹരമായ നൂറുകണക്കിന് ഗാനങ്ങള്‍ക്കാണ് മമ്മൂട്ടി സ്‌ക്രീനില്‍ ജീവന്‍ നല്‍കിയത്. മമ്മൂട്ടി ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മേള (1980) എന്ന ചിത്രത്തില്‍ അദ്ദേഹം ചുണ്ടനക്കിയത് യേശുദാസ് പാടിയ ”മനസൊരു മാന്ത്രികക്കുതിരയായി…’ എന്ന പ്രശസ്തമായ ഗാനത്തിനായിരുന്നു.








