കാസര്‍കോട്: ഉപ്പള, ഐല കടപ്പുറത്ത് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. തെയ്യം കലാകാരനും ഉപ്പള, മുളിഞ്ച, മഹാനഗര്‍ സ്വദേശിയുമായ തിമ്മപ്പ (60) ആണ് മരിച്ചത്. മംഗല്‍പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് ഐല കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ കോസ്റ്റല്‍ പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് തിമ്മപ്പയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ പരാതിയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പതിവ് പോലെ വീട്ടില്‍ നിന്നു ഉപ്പളയിലേക്ക് പോയ തിമ്മപ്പ തിരിച്ചെത്തിയില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. വീട്ടുകാര്‍ പറഞ്ഞത് പ്രകാരമുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബന്ധുക്കളെയും കൂട്ടി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. എല്ലാ ദിവസവും കടല്‍ക്കരയില്‍ എത്താറുള്ളയാളാണ് തിമ്മപ്പ. വ്യാഴാഴ്ചയും എത്തിയപ്പോള്‍ തിരമാലയില്‍പ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഭാര്യ: കല്യാണി. മക്കള്‍: അനിത, ചൈത്ര, പവിത്ര, മനോജ്. മരുമക്കള്‍: സതീശന്‍ (അളക്കെ), സതീശന്‍ (കഡബ, പുത്തൂര്‍), സഹോദരി: സുന്ദരി.







