കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ 367-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഓപ്പറേഷന്‍ ഗംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, ഭാഗ്യശ്രീ ബോര്‍സെ, പാര്‍ഥിബന്‍, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.ഉക്രെയ്ന്റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം. പോളണ്ട്, ജോര്‍ജിയ, കസഖ്സ്ഥാന്‍, ഡല്‍ഹി, ഡെഹ്‌റാഡൂണ്‍, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ‘മേപ്പടിയാന്‍’, ‘കഥ ഇന്നുവരെ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ ചിത്രമായ ‘മേപ്പടിയാനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇദ്ദേഹം നേടിയിരുന്നു. ‘ദുരന്തര്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ശാശ്വത് സച്ച്‌ദേവ് ആണ് ‘ഓപ്പറേഷന്‍ ഗംഗ’യുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണിത്.








