കണ്ണൂര്‍: ട്രെയിൻ യാത്രക്കാരിയുടെ മൊബൈല്‍ഫോണും പവര്‍ബാങ്കും ആധാര്‍ കാര്‍ഡും പണവുമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വടകര മേപ്പയില്‍ കല്ലുനിരപ്പറമ്പത്ത് പ്രവീണ്‍ (31) നെയാണ് കണ്ണൂര്‍ റെയില്‍വേ പൊലീസ് സി.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇടുക്കി ആലക്കോട് കീമറ്റത്തില്‍ ഹൗസില്‍ അല്‍ഫോന്‍സ റെനിയുടെ 30,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍, 1500 രൂപയുടെ പവര്‍ബാങ്ക്, 3,000 രൂപ എന്നിവയടങ്ങിയ ബാഗ് ഹരിദ്വാറില്‍ നിന്ന് എറണാകുളത്തേക്ക് മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ കവർച്ച ചെയ്തുവെന്നാണ് കേസ്. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഡാന്‍സാഫ് സി.പി.ഒ .രമേശന്‍, കാസര്‍ക്കോട് ഡാന്‍സാഫ് സി.പി.ഒ. റിനീത്ത്, കണ്ണൂര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ജിതിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.








