കാസർകോട്: ദ്വാപരയുഗസ്മരണകളുണർത്തി ടൗണുകൾ അമ്പാടിമുറ്റങ്ങളായി. രാധികമാരുടെയും കണ്ണനുണ്ണികളുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.

വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളില്‍ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നിശ്ചല ദൃശ്യങ്ങളും അടങ്ങുന്ന ഘോഷയാത്ര ഭക്തിനിര്‍ഭരമായിരുന്നു. കൃഷ്ണജപവുമായി സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിനു ആളുകളാണ് ശോഭായാത്രയില്‍ കണ്ണികളായത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ആഘോഷങ്ങളുണ്ടായി.

കൃഷ്ണ വേഷങ്ങൾക്കും പുരാണ വേഷങ്ങൾക്കു മൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു.നഗര- ഗ്രാമപ്രദേശങ്ങളിൽ മഹാശോഭായാത്രകളുടെ സംഗമങ്ങൾ നടത്തി. മുളിയാർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബോവിക്കാനത്ത് ധാർമികസഭയും ശോഭായാത്രയും നടത്തി. ശോഭായാത്രകൾ ബോവിക്കാനത്ത് സംഗമിച്ച ശേഷം കാൽനടയായി മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഉദുമ മേഖലയിൽ ശംഭുനാട്, പരവനടുക്കം, തലക്ലായി, വയലാംകുഴി, കുന്നുമ്മൽ, അരമങ്ങാനം, പള്ളിപ്പുറം, കീഴൂർ, ഉദുമ, തച്ചങ്ങാട്, ആരോൽ , പുളിനാക്ഷി, പെർലടുക്കം, കുണ്ടംകുഴി, കുറ്റിക്കോൽ, ബന്തടുക്ക എന്നീ 16 സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ശോഭായാത്രകൾ നടത്തി. ഹൊസ്ദുർഗിൽ രാംനഗർ, പുല്ലൂർ, പെരിയ, പൂച്ചക്കാട്, ചാമുണ്ഡിക്കുന്ന്, പൊടവടുക്കം, അമ്പലത്തറ, തായന്നൂർ, അജാനൂർ,കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിലും ശോഭായാത്ര കളുണ്ടായിരുന്നു. നീലേശ്വരം മേഖലയിൽ നീലേശ്വരം നഗർ ചീർമ്മക്കാവ്, പുറത്തേക്കൈ, തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം, കരിന്തളം, പുങ്ങംചാൽ, പിലിക്കോട് എന്നീ സ്ഥലങ്ങളിലും വിപുലമായി ശോഭായാത്രകൾ നടത്തി. പനത്തടി മേഖലയിൽ കൊട്ടോടി, ചുള്ളിക്കര, ആടകം, പെരുമ്പള്ളി, അടോട്ട്കയം, കോളിച്ചാൽ, അയ്യങ്കാവ്, പരപ്പ, പ്രാന്തർക്കാവ്, പാണത്തൂർ, പെരുമ്പള്ളി എന്നിവിടങ്ങളിൽ ശോഭായാത്രകൾ നടത്തി. ജില്ലയിലെ ശ്രീകൃഷ്ണ, മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു.








