കാസര്‍കോട്: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളും വിവിധ പരിപാടികളും സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ അണിനിരക്കും. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മുളിയാര്‍ ബോവിക്കാനം, പാണത്തൂര്‍, വെള്ളരിക്കുണ്ട്, മാവിലാക്കടപ്പുറം, തൈക്കടപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. അമ്പാടിയില്‍ കളിച്ചും കുസൃതി കാട്ടിയും വളര്‍ന്ന ഉണ്ണിക്കണ്ണനെയും ഗോപികമാരുടെയും അനുസ്മരിച്ച് ശ്രീകൃഷ്ണ വേഷധാരികളായ ബാലികാബാലന്മാര്‍ മഹാശോഭായാത്രയില്‍ അണിചേരും. കൃഷ്ണ വേഷങ്ങള്‍ക്കും പുരാണ വേഷങ്ങള്‍ക്കുമൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയില്‍ അണിനിരക്കും. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടാകും. നഗര- ഗ്രാമപ്രദേശങ്ങളില്‍ മഹാശോഭായാത്രകളുടെ സംഗമങ്ങള്‍ നടക്കും. വൈകീട്ട് 3ന് ഉദുമ കേന്ദ്രീകരിച്ചുള്ള വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സംഘടിച്ച് മഹാശോഭയാത്രയായി പള്ളം, ഉദുമ, കൊക്കാല്‍ വഴി അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലെത്തും.








