കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം, കുണിയേരി, കാവുപുറം സ്വദേശിയായ മുഹമ്മദ് ജാബിറി(38)നെയാണ് കാസര്‍കോട് റെയില്‍വെ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പാലക്കാട്, പട്ടാമ്പി സ്വദേശിയും മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയുമായ ടി പി വിഷ്ണുദത്തിന്റെ ലാപ്‌ടോപ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആഗസ്റ്റ് 22നാണ് കേസി നാസ്പദമായ സംഭവം.മംഗ്‌ളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു വിഷ്ണുദത്ത്. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ലാപ് ടോപ് അടങ്ങിയ ബാഗ് മോഷണം പോയ വിവരം അറിഞ്ഞത്. ഉടന്‍ കാസര്‍കോട് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.എസ്‌ഐ സനില്‍ കുമാര്‍, എഎസ്‌ഐ സികെ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റു ചെയ്തത്. ആര്‍പിഎഫിലെ കെഎം ഷൈജു, ബൈജു, വിജേഷ്, ശ്രീനാഥ്, പ്രകാശ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.







