ഉപ്പള:ജോഡ്കല്ലില്‍ പൊതുമരാമത്ത് വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭൂമി കയ്യേറി സേവാഭാരതി ട്രസ്റ്റിന്റെ പേരില്‍ ഓഡിറ്റോറിയം നിര്‍മിച്ചതായി യൂത്ത് ലീഗ് ആരോപിച്ചു. ക്കത്ത് ലീഗ് നേതാവും ജില്ലാപഞ്ചായത്തു മെമ്പറുമായ അസീസ് കളത്തൂര്‍, സിദ്ദിഖ് ദണ്ഡഗോളി,മജീദ് പച്ചമ്പള എന്നിവരാണ് ആരോപണം ഉന്നയിച്ചത്.
കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ജോഡുകല്ലിലാണ് സംഭവമെന്ന് അറിയിപ്പില്‍ അവര്‍ പറഞ്ഞു. 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം.
ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ച് ഷീറ്റ് മേഞ്ഞാണ് ഓഡിറ്റോറിയം മാതൃകയിലുള്ള കെട്ടിടം നിര്‍മിച്ചതെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
കയ്യേറ്റം സംബന്ധിച്ച് കഴിഞ്ഞ ജൂലൈ മുതല്‍ പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു – യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുമെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കിയവര്‍ പൊലിസ് സ്റ്റേഷനിലെത്തി ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നിര്‍മാണം തുടരുകയായിരുന്നുവെന്നു അവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും ഒത്താശയോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ആരോപിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് പി.ഡബ്ല്യു.ഡി. എ.ഇ. ഓഫീസ് ഉപരോധിച്ചു

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കയ്യേറി ഓഡിറ്റോറിയം നിര്‍മിച്ചെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. അനധികൃത നിര്‍മാണം അടിയന്തരമായി പൊളിച്ചുനീക്കണമെന്നും കയ്യേറ്റ ഭൂമിയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പി.ഡബ്ല്യു.ഡി. അസി. എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കെട്ടിട നിര്‍മാണത്തിനെതിരെ നേരത്തെ നല്‍കിയ പരാതികളില്‍ നടപടി ഉണ്ടായില്ലെന്നാ രോപിച്ചായിരുന്നു സമരം.
ഉപരോധത്തിനിടെ പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യൂത്ത് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിനിടെ സ്ഥലത്തെത്തിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബി.ജെ.പി. നേതാവ് ലോകേഷ് നൊണ്ടയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ. മുക്താര്‍, മണ്ഡലം പ്രസിഡന്റ് ആസിഫ് കന്തല്‍, ജനറല്‍ സെക്രട്ടറി മജീദ് പച്ചമ്പള
സിദ്ദീഖ്ദണ്ഡഗോളി,ട്രഷറര്‍ ഫാറൂഖ് , സവാദ് , മുജീബ് പേരാല്‍,ഹനീഫ് കുഞ്ചത്തൂര്‍,റിയാസ് പച്ചിലമ്പാറ,ഇര്‍ഷാദ് കുഞ്ചത്തൂര്‍,സമദ് അരിമല, നിസാം കൊടിയമ്മ, നൗഫല്‍ , നിസാര്‍ ബായര്‍, ജസീല്‍ ഹുബള്ളി, ഇര്‍ഷാദ് , ഇര്‍ഫാന്‍ തുടങ്ങിയവര്‍ ഉപരോധത്തിനു നേതൃത്വം നല്‍കി.
പ്രതിഷേധം തുടരുമെന്ന് ഇവര്‍ അറിയിച്ചു.
നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി
പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കയ്യേറി നിര്‍മിച്ചതായി ആരോപണമുയര്‍ന്ന കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മഞ്ചേശ്വരം പി.ഡബ്ല്യു.ഡി. അസി. എന്‍ജിനീയര്‍ അറിയിച്ചതായി യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
അനധികൃത നിര്‍മാണം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അസി. എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമായാല്‍ റവന്യൂ അധികൃതരുടെ സാന്നിധ്യവും പൊലിസ് സംരക്ഷണവും ഉറപ്പാക്കുമെന്നും എ.ഇ. അറിയിച്ചതായിക്ഷത്ത്‌ലീഗ്ഭാരവാഹികള്‍ പറഞ്ഞു.
പൊതുമരാമത്ത് ഭൂമിയുടെയും റവന്യൂ ഭൂമിയുടെയും അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. കയ്യേറ്റം സ്ഥിരീകരിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അനധികൃത നിര്‍മാണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും കെട്ടിടത്തിന്റെ തുടര്‍ ഉപയോഗവും നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.







