കുമ്പള: വിവാദമായ കുമ്പള പുതിയ ബസ് സ്റ്റാന്റിനടുത്ത് ചത്ത നിലയില്‍ കണ്ട സര്‍പ്പത്തിനെ ആചാരപരമായി സംസ്‌കരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ബസ് സ്റ്റാന്റിനടുത്ത് സര്‍പ്പത്തെ ചത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് തിങ്കളാഴ്ച സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പര്‍ അജിത് കുമാര്‍ ആചാരപരമായി സര്‍പ്പത്തെ സംസ്‌കരിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന് വേണ്ടി പുരോഹിതനെ എത്തിച്ചു. അന്തിമോപചാര കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷം ചന്ദനവിറക് എത്തിച്ച് ശവദാഹം നടത്തുകയായിരുന്നു. 10 ദിവസം കഴിഞ്ഞ് സുബ്രഹ്‌മണ്യത്ത് മൂന്നു ദിവസം അന്തിമകര്‍മ്മങ്ങളുണ്ട്.
സര്‍പ്പങ്ങളെ ചത്ത നിലയില്‍ കണ്ടാല്‍ മനുഷ്യന്‍ മരിച്ചാല്‍ ചെയ്യുന്ന ശവസംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കണമെന്നാണ് പരമ്പരാഗതമായ വിശ്വാസവും ആചാരാനുഷ്ഠാനവുമെന്ന് വിശ്വാസികള്‍ അനുസ്മരിച്ചു. ബിജെപി നേതാവ് സുധാകര കാമത്താണ് സര്‍പ്പ മരണ വിവരം അജിത് കുമാറിനെ അറിയിച്ചത്.







