കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തിൽ ഒരു മുഖ്യ പ്രതി കൂടി അറസ്റ്റിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശി വിഷ്ണുകുമാർ(26) ആണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇയാളെ ഇൻഡോറിൽ നിന്നാണ് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ സനീഷ് കുമാർ, കെ ടി അനിൽ, ജ്യോതിഷ്, സിപിഒ ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽ കുമാറിന്റെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കേസിൽ അന്വേഷണം നടത്തുന്നത്.







