കാസർകോട്: തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു. പുതുക്കിയ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് സെപ്റ്റംബർ 9ന് അഭിമുഖം നടത്തും.
തളങ്കര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 9ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്ക്കർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലായി ആകെ 22 ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്കാണ് നിയമനം. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്കും, വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള മറ്റ് ഉദ്യോഗാർഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം. എല്ലാ തസ്തികകളിലേക്കുമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. 500 മീറ്റർ കടൽ നീന്തൽ പരീക്ഷയിൽ വിജയിക്കേണ്ടതും ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന ശാരീരിക-മാനസിക ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നിശ്ചിത യോഗ്യതയുള്ളതും തീരദേശ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യാൻ താൽപര്യമുള്ളതുമായ ഉദ്യോഗാർഥികൾ ആധാർ, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ, രണ്ട് ഫോട്ടോകൾ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 9ന് രാവിലെ 7 മണിക്ക് തളങ്കര കോസ്റ്റൽ സ്റ്റേഷനിൽ ഹാജരാകണം.
നിയമനവുമായി ബന്ധപ്പെട്ട മറ്റ് യോഗ്യതകളും വ്യവസ്ഥകളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബോട്ട് ഡ്രൈവർ: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും അംഗീകൃത ബോട്ട് ഡ്രൈവേഴ്സ് കോംപിറ്റൻസി സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പുറംകടലിൽ ബോട്ട് ഡ്രൈവറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. 2026 ഏപ്രിൽ ഒന്നിന് 50 വയസ്സ് കവിയരുത്.
ബോട്ട് സ്രാങ്ക്: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും അംഗീകൃത ബോട്ട് സ്രാങ്ക് കോംപിറ്റൻസി സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ബോട്ട് സ്രാങ്കായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. 2026 ഏപ്രിൽ ഒന്നിന് 50 വയസ്സ് കവിയരുത്.
ബോട്ട് ലാസ്ക്കർ: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ബോട്ട് ലാസ്ക്കറായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കേരള തുറമുഖ വകുപ്പ് നൽകുന്ന കെ ഐ വി ബോട്ട് ലാസ്ക്കേഴ്സ് കോംപിറ്റൻസി സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് മുൻഗണന നൽകും. 2026 ഏപ്രിൽ ഒന്നിന് 50 വയസ്സ് കവിയരുത്.
സ്പെഷ്യൽ മറൈൻ ഹോം ഗാർഡ്: ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും പുറംകടലിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും കടലിൽ രക്ഷാപ്രവർത്തനം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം. 2026 ഏപ്രിൽ ഒന്നിന് 24നും 50നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.







