തളിപ്പറമ്പ്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടും കണ്ണൂര്‍ ജില്ല സംയുക്ത ഖാസിയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയതിന് കണ്ണൂര്‍ റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തു. രാമന്തളി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വടക്കുമ്പാട് അലീമ മന്‍സിലില്‍ സബീര്‍ ഹമീദിന്റെ പരാതിയിലാണ് കേസ്. അബൂബക്കര്‍ ഉറുമി മുഹമ്മദ് കാസര്‍കോട് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 25നായിരുന്നു പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട സബീര്‍ ഹമീദ് ഇന്നലെയാണ് ആലക്കോടുള്ള കണ്ണൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും ഒരു വിഭാഗത്തിന്റെ മതപരമായ വിശ്വാസം ധ്വംസിക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് ഇത് എഫ്.ബിയില്‍ പോസ്റ്റ് ചെയ്തതെന്നാണ് പരാതി. സൈബര്‍ പൊലീസ് കേസെടുത്ത് ഈ എഫ്.ബി അക്കൗണ്ടിന് പിറകിലുള്ളവരെ കണ്ടെത്താന്‍ നീക്കം തുടങ്ങി.







