സംസ്ഥാനത്തെ പ്രഥമ ശ്രേഷ്ഠ ഹയർസെക്കൻഡറി വിദ്യാലയ പുരസ്കാരം; രണ്ടാം സ്ഥാനം നേടി കമ്പല്ലൂർ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ വിദ്യാലയങ്ങൾക്കായി ‘ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം’ ഏർപ്പെടുത്തി. പഠന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ മൂന്ന് വീതം സ്‌കൂളുകൾക്കാണ് പുരസ്‌കാരം. ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പല്ലൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളിയാണ് കമ്പല്ലൂർ മികവിൽ രണ്ടാമതെത്തിയത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ മികവുകളാണ് കമ്പല്ലൂർ സ്കൂളിന്റെ നേട്ടത്തിന് പിന്നിലുള്ളത്. 15 വർഷങ്ങളായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വരുന്നുണ്ട്.
കേരള സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞവർഷം ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. റവന്യൂ ജില്ലയിൽ ഹയർ സെക്കന്ററി ചാമ്പ്യൻഷിപ്പും ശാസ്ത്രോത്സവത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിരുന്നു.
കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങളിലും വോളിബോളിലും ഉപജില്ല, ജില്ലാതലങ്ങളിൽ മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ക്ലീൻ കമ്പല്ലൂർ പദ്ധതിയുടെ ഭാഗമായി കമ്പല്ലൂർ ടൗണിലെ ശുചീകരണവും വിദ്യാലയം ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു. അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ വിഭാഗത്തിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ആസൂത്രണങ്ങളും മൂല്യനിർണയ സംവിധാനങ്ങളും പരിഹാര പ്രവർത്തനങ്ങളും മാതൃകാപരമാണ്. അധ്യാപക രക്ഷാകർതൃ സമിതി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, മദർ പിടിഎ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, സ്കൂൾ ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനങ്ങളും വിദ്യാലയത്തിന്റെ നേട്ടത്തിനു പിന്നിലെ ചാലക ശക്തികളായി മാറി. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വർഷങ്ങൾക്കു മുൻപ് സംസ്ഥാനതലത്തിൽ ലഭിച്ച നേട്ടത്തിനു ശേഷം മറ്റൊരു സംസ്ഥാനതല നേട്ടത്തിന് വേണ്ടി കമ്പല്ലൂരൊന്നാകെ കാത്തിരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page