കാസര്‍കോട്: ബേക്കല്‍ മൗവ്വലില്‍ വൈദ്യുത ലൈനില്‍ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു.
ലോറിയിലുണ്ടായിരുന്നമുപ്പതിലധികം ഫ്രിഡ്ജുകള്‍ കത്തിനശിച്ചു. കോഴിക്കോടു നിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളും കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.
ബേക്കല്‍ റെയില്‍വേ മേല്‍ പാലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മൗവ്വല്‍ വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ലോറി മൗവ്വല്‍ വഴി ഓടിയത്. വൈദ്യുത ലൈനില്‍ തട്ടിയാണ് വാഹനത്തിന് തീ പിടിച്ചത്. വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നറിലാണ് ആദ്യം തീപടര്‍ന്നത്.തുടര്‍ന്ന് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടനെ ഡ്രൈവറും ക്ലീനറും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും ഒരു യൂനീറ്റും കാഞ്ഞങ്ങാട് നിന്നും രണ്ടുയൂനീറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഇരുപതോളം ഫ്രിഡ്ജുകള്‍ കണ്ടെനറില്‍ നിന്ന് കേടുപാടില്ലാതെ പുറത്തെടുത്തു. എട്ടുമണിയോടെ തീപൂര്‍ണ്ണമായും അണച്ചു. അപ്പോഴേയ്ക്കും ലോറി ഭാഗികമായി കത്തി നശിച്ചിരുന്നു.








