കാസര്‍കോട്: ഓണാഘോഷ പരിപാടിക്കു പോയ 15കാരന്‍ പൊട്ടക്കിണറ്റില്‍ വീണു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ ചീമേനി ഫയര്‍ഫോഴ്‌സ് കുട്ടിയെ സാഹസകിമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ (വ്യാഴം) രാത്രി എട്ടേ മുക്കാല്‍ മണിയോടെ ചീമേനി, ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചീമേനി ഫയര്‍ സ്റ്റേഷനില്‍ നിന്നു സ്റ്റേഷന്‍ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് കുതിച്ചെത്തി കിണറ്റില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. അസി. സ്റ്റേഷൻ ഓഫീസർ സുമേഷിന്റെ നേതൃ ത്വത്തിൽ സിപിആര്‍ നല്‍കിയ ശേഷം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായ തിനാൽ കുട്ടിയെ പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ഫയർഫോഴ്സ് സംഘത്തിൽ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍മാരായ ബിനീഷ് ഡേവിഡ്, അഭിഷേക്, ഹോംഗാര്‍ഡ് രാജന്‍, ഡ്രൈവര്‍ ഇര്‍ഫാന്‍ എന്നിവരും ഉണ്ടായിരുന്നു.







