ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതവും മഹത്തായ സന്ദേശങ്ങളും പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ് ഈ വർഷവും വിവിധ പരിപാടികളോടെ ഓഗസ്റ്റ് 30ന് ദുബൈ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടത്തും.പ്രവാചക ജീവിതത്തിലെ മാനവികത, കാരുണ്യം, സഹിഷ്ണുത, നീതി, സാഹോദര്യം, സ്നേഹം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവ ജീവിതത്തിൽ പകർത്തുന്നതിനുള്ള പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മദ്ഹേ മദീന റബീഹ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) മനുഷ്യരാശിക്ക് മുന്നിൽ സമർപ്പിച്ച ഉത്തമ ജീവിത മാതൃകയും സമൂഹത്തോടും കുടുംബത്തോടും അയൽക്കാരോടും സഹജീവികളോടുമുള്ള അദ്ദേഹത്തിന്റെ സമീപനവും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് സംഘാടകർ പറഞ്ഞു.
പ്രവാചക സ്നേഹവും ആത്മീയ ചൈതന്യവും നിറയ്ക്കുന്ന മദ്ഹ് ഗാനങ്ങൾ, പ്രവാചക പ്രകീർത്തനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി റബീഹ് പ്രഭാഷണം നടത്തും. പ്രവാചകന്റെ ജീവിതവും സന്ദേശവും സമകാലിക സമൂഹത്തിൽ ചെലുത്തേണ്ട സ്വാധീനവും അദ്ദേഹം വിശദീകരിക്കും.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പ്രവാചകചര്യയും മാനവിക മൂല്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ എടുത്തുകാട്ടും .
പ്രവാചക സ്നേഹത്തിന്റെ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും പ്രവാസി സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും മാനവികതയും ശക്തിപ്പെടുത്തുന്നതിനും കോൺഫറൻസ് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ സയ്യാദുമാർ, സാമൂഹിക സാംസ്കാരിക ദീനി രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, വ്യവസായ പ്രമുഖർ, ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ , പ്രമുഖർ പങ്കെടുക്കും. രാത്രി അന്നദാനത്തോടെയാണ് പരിപാടി സമാപിക്കുക. കോൺഫറൻസിൽ മുഴുവൻ പ്രവാസി സമൂഹത്തിന്റെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണം എന്ന് ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആക്ടിങ് സെക്രറട്ടറി അഷ്‌റഫ് ബായാർ ട്രഷറർ ഡോക്ടർ ഇസ്മായിൽ അഭ്യർത്ഥിച്ചു.








