കൽപ്പറ്റ: മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. 41 ഗ്രാം എംഡിഎംഎയുമായി യുവതിയും ആൺസുഹൃത്തും പിടിയിലായി.കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന, മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലുമാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു ഇവർ. വയനാട് എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ വരുന്നതറിഞ്ഞ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വല വിരിച്ചിരുന്നു. വിശദമായ പരിശോധനയിൽ പിടികൂടിയത് 41ഗ്രാം എം ഡി എം എ. റസീലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കാറിൽ നിന്ന് കണ്ടെത്തി. സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരും ലഹരി ഉപയോഗിക്കാറുണ്ടെന്നും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടിയ അളവിൽ മയക്കുമരുന്ന് കൊണ്ടുവന്നത് വില്പനയ്ക്കാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.








