കണ്ണൂര്‍: പെരിങ്ങത്തൂരില്‍ മൊബൈല്‍ ഗെയിം വിലക്കിയതില്‍ മനംനൊന്ത് പതിനേഴുകാരന്‍ നാടുവിട്ടു.
പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയെയാണ് കാണാതായത്. പരാതിയില്‍ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്ത് എട്ടു മുതലാണ് കുട്ടിയെ കാണാതായത്. മൊബൈല്‍ ഗെയിം പതിവാക്കിയതോടെ കുട്ടിയില്‍ നിന്നും ഫോണ്‍ വാങ്ങി വെച്ചിരുന്നു എന്ന് പിതാവ് ജിഗീഷ് പറഞ്ഞു. കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്ഥിരമായി കളിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാരുമായി ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എപ്പോഴും ഗെയിമിങില്‍ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് ശാസിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി വയ്ക്കുന്നത്. ഗെയിമിങ്ങിലൂടെ കുട്ടിക്ക് കുറേ പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണ്‍ പിടിച്ചുവാങ്ങിയതിനു ശേഷമാണ് കുട്ടി കത്ത് എഴുതി വെച്ച് വീട് വിടുന്നത്. ‘ഞാന്‍ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കുട്ടി എഴുതി വെച്ച കത്തിലുള്ളത്. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, എല്ലാവരും പുറത്തു പോയിരുന്നു. മാതാവ് ചെറുപ്പത്തിലേ മരിച്ചതിനാല്‍ പിതാവാണ് കുട്ടിയെ നോക്കിയിരുന്നത്.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അയല്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെയും പരിശോധന പുരോഗമിക്കുകയാണ്.








