പി പി ചെറിയാൻ
മെസ്‌ക്വിറ്റ് (ടെക്സസ്):ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നു പാസ്റ്റർ റെജി മാത്യു പറഞ്ഞു . കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി “ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു” എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സുവിശേഷങ്ങളിൽ ബീജമായും ലേഖനങ്ങളിൽ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ മഹത്വത്തോടെ മടങ്ങിവരുന്ന നായകനാണെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. നിരവധി വിശ്വാസികൾ യോഗത്തിൽ സംബന്ധിച്ചു.
ശനിയാഴ്ച വൈകുന്നേരം ജെയിംസ് കളകാട്ടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ മാത്യൂസ് മയാലിൽ സ്വാഗതം ആശംസിച്ചു .
കൺവെൻഷന്റെ സമാപനം ഇന്ന് (ഞായർ) 6:30-ന് മെസ്‌ക്വിറ്റിലുള്ള കാർമൽ പെന്തക്കോസ്ത് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.








