കാസര്‍കോട്: കാണാതായ പൊലീസുകാരനെ മംഗ്‌ളൂരുവില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, പോർക്കളത്തെ സാംസനലി(27)നെയാണ് ഒരു ലോഡ്ജില്‍ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ എസ് ഐ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാംസനലിനെ കണ്ടെത്തിയത്. കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സിവില്‍ പൊലീസ് ഓഫീസറായ ഇദ്ദേഹം നിലവില്‍ രാജപുരം പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലാണ്.
ഏതാനും ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട്ടേക്ക്‌പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ പൊലീസുകാരന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം വയനാട്ടിലും പിന്നീട് മൈസൂരുവിലും കണ്ടെത്തിയിരുന്നു.അന്വേഷണം തുടരുന്നതിനിടയിലാണ് സാംസനലിന്റെ അക്കൗണ്ടില്‍ നിന്നു പല തവണകളായി പണം പിന്‍വലിച്ചതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് മംഗ്‌ളൂരുവില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പൊലീസുകാരനെ നാട്ടിലെത്തിച്ചു.







