കാസര്‍കോട്: റോഡരികില്‍ നിന്നു കളഞ്ഞുകിട്ടിയ പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സര്‍ഫാസ്, അക് ഷര്‍, അഫീസ്, ഇര്‍ഫാന്‍, മിദ്‌ലാജ് എന്നിവരാണ് മാതൃകയായത്.

ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് ആരിക്കാടി, തങ്ങളുടെ വീടിനു സമീപത്തു റോഡരികില്‍ നിന്നു വിദ്യാർത്ഥികൾക്ക് ഒരു പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ വലിയൊരു സംഖ്യയും വിലപ്പെട്ട രേഖകളും കാണപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ മറ്റൊന്നും ആലോചിച്ചില്ല. കളഞ്ഞു കിട്ടിയ പഴ്‌സുമായി നേരെ കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പഴ്‌സ് ഏല്‍പ്പിച്ചു. പഴ്‌സിലെ രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പഴ്‌സിന്റെ ഉടമ മൊഗ്രാല്‍ പുത്തൂരിലെ നബീസയാണെന്നു കണ്ടെത്തി. ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം പഴ്‌സ് കൈമാറി.
പഴ്‌സ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാണിച്ച വിദ്യാര്‍ത്ഥികളെ പൊലീസും പി ടി എ കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു.







