പൂനൈ: പൂനെയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പി എസ് വിനോദ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. അധ്യാപികയായ സില്‍ജ രണ്ട് ദിവസമായി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അയല്‍പക്കത്ത് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഫ്‌ളാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിനോദ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സില്‍ജയെയും പൂര്‍ണിമയെയും ജീവനോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








