പി പി ചെറിയാൻ
ഡാളസ്(ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ചരിത്രത്തിൽ നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സി എസ് ഐ ഫാമിലി & യൂത്ത് കോൺഫറൻസും സി എസ് ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസൻ കൗൺസിലും ഗംഭീരമായി സമാപിച്ചു.
ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സഭയുടെ ആതിഥേയത്വത്തിൽ നടന്ന നാല് ദിവസം നീണ്ടുനിന്ന സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു. “ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക”എന്നതായിരുന്നു പ്രമേയം.
റാലിയും ഉദ്ഘാടന സമ്മേളനവും 400-ലധികം ആളുകൾ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടെയുമായാണ് കോൺഫറൻസ് ആരംഭിച്ചത് . ബാൻഡ് മേളം, പ്രാദേശിക പതാകകൾ, സഭാ ബാനറുകൾ എന്നിവയുടെ അകമ്പടിയോടെ വൈദികരും യുവജനങ്ങളും കുട്ടികളും കുടുംബങ്ങളും അണിനിരന്നു. പ്രാരംഭ ആരാധനയ്ക്ക് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. കെ. റൂബൻ മാർക്ക് നേതൃത്വം നൽകി. ഇന്ത്യയിൽ നിന്നുള്ള നാല് ബിഷപ്പുമാർ ആരാധനയിൽ സഹകാർമ്മികരായി.
റൈറ്റ് റവ. എ. പോൾ ഫ്രാൻസിസ് രവിചന്ദ്രൻ (മദ്രാസ് മഹായിടവക)റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ (മലബാർ മഹായിടവക)റൈറ്റ് റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ (സെൻട്രൽ കർണാടക മഹായിടവക)റൈറ്റ് റവ. ഹേമചന്ദ്ര കുമാർ (സൗത്ത് കർണാടക മഹായിടവക) എന്നിവരാണ് സഹകാർമ്മികരായതു.മഹായിടവക ഭാരവാഹികളും മാർത്തോമ്മാ, എപ്പിസ്കോപ്പൽ, യുണൈറ്റഡ് മെത്തഡിസ്റ്റ് തുടങ്ങിയ ഇതര സഭാ പ്രതിനിധികളും ഇർവിങ് സിറ്റിയുടെ പ്രതിനിധിയായ മിസ്റ്റർ ആൽബർട്ട് സി. സപാന്റയും ചേന്ന് പരമ്പരാഗത ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോൺഫറൻസ് ലോഗോ പ്രകാശനം, തീം സോങ് അവതരണം, സ്മരണിക പ്രകാശനം എന്നിവയും ഉണ്ടായിരുന്നു.പ്രശസ്ത സുവിശേഷ ഗായകൻ ബ്രദർ ജോളി അബ്രഹാം, മെഴ്സി തോമസ് എന്നിവരുടെ ഗാനസന്ധ്യ ഉദ്ഘാടന ചടങ്ങിന് മാറ്റു പകർന്നു.
അന്താരാഷ്ട്ര ക്രിസ്തീയ ചിന്തകനും പ്രഭാഷകനുമായ ഡോ. സാം ജോർജ് ,റൈറ്റ് റവ. എ. പോൾ ഫ്രാൻസിസ് രവിചന്ദ്രൻ സന്ദേശം നൽകി. മീറ്റിംഗുകൾക്ക് പുറമെ ബൈബിൾ സ്റ്റഡി, സെമിനാറുകൾ, ചർച്ചകൾ, സ്പോർട്സ് മത്സരങ്ങൾ, കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവയും നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
ഡയാസ്പോറ ഡയോസിസിന്റെ ചരിത്രപരമായ തുടക്കംനോർത്ത് അമേരിക്കയിലുടനീളമുള്ള സഭകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സി എസ് ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ ആദ്യ കൗൺസിൽ യോഗം സമ്മേളനത്തിന്റെ ഭാഗമായി ചേർന്നു. അമേരിക്കയിലും കാനഡയിലുമുള്ള പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പതിറ്റാണ്ടുകളായി പ്രവർത്തിച്ച മുൻകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.അഞ്ചു ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ നടന്ന ദിവ്യബലി ആരാധനയോടെയും, നോർത്ത് അമേരിക്കയിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകർ അണിനിരന്ന മാസ്സ് കൊയറിന്റെ ഗാനാലപനത്തോടെയും കോൺഫറൻസിന്റെ ആത്മീയ സമ്മേളനങ്ങൾ സമാപിച്ചു.








