തിരുവനന്തപുരം: മുന്‍ പട്ടാളക്കാരനെ മദ്യം നല്‍കി മയക്കിയതിനുശേഷം മര്‍ദിച്ച് ഒന്‍പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. നെയ്യാറ്റിന്‍കര ആറാലുംമുട് സ്വദേശി ദീപ, മകന്‍ അഖില്‍, പ്രകാശന്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹണിട്രാപ് കേസില്‍ ദീപ മുന്‍പും അറസ്റ്റില്‍ ആയിട്ടുണ്ട്. ഹണിട്രാപ് മോഡലില്‍ കവര്‍ച്ച നടത്തിയ ശേഷം ഇവര്‍ ധ്യാനകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു സംഭവം നടന്നത്. എട്ടുമാസം മുന്‍പാണ് പോത്തന്‍കോട് സ്വദേശിയായ വിമുക്ത ഭടനുമായി ദീപ പരിചയം സ്ഥാപിച്ചത്. ആ പരിചയം മുതലെടുത്ത് പിന്നീട് സൗഹൃദം ചമഞ്ഞു. അതിനിടെ വിമുക്ത ഭടന്‍ കഴക്കൂട്ടം ചന്തവിളയില്‍ നിര്‍മിച്ച പുതിയ വീട് കാണുന്നതിനായി ദീപയെ ഇദ്ദേഹം ക്ഷണിച്ചിരുന്നു. ദീപയും മകനും ഒരു സുഹൃത്തിനും ഒപ്പം അവിടെയത്തുകയായിരുന്നു. സംസാരത്തിനിടെ വിമുക്ത ഭടന് മദ്യം നല്‍കി. അമിത അളവില്‍ മദ്യം കഴിച്ച ഇദ്ദേഹം ബോധരഹിതനായി. പിന്നീട് സംഘം വിമുക്ത ഭടനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു.
ഇയാളുടെ മാല, ബ്രേസ്‌ലറ്റ്, മൂന്ന് സ്വര്‍ണമോതിരം അടക്കം ഒന്‍പത് പവന്‍ സ്വര്‍ണവും ഫോണ്‍, പഴ്‌സ് തുടങ്ങിയ വസ്തുക്കള്‍ സംഘം തട്ടിയെടുത്തിരുന്നു. സംഭവത്തിനു ശേഷം ഫോണ്‍ ഓഫാക്കി പ്രതികള്‍ ധ്യാനം കൂടാന്‍ പോവുകയായിരുന്നു.








