പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി എം. സിറാജാണ് പിടിയിലായത്. പെണ്‍സുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞമാസമാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകള്‍ക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. അയാളുടെ വാക്കില്‍ വിശ്വസിച്ച കുടുംബം പൂജയ്ക്ക് തയ്യാറായി. തുടര്‍ന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. ഒരു പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാള്‍ ഒരു മുറിയിലേക്ക് പോയി വാതിലടച്ചു. മാതാവിനോടും സഹോദരനോടും മറ്റൊരു മുറിയില്‍ ഇരിക്കാനും ആവശ്യപ്പെട്ടു.
അടച്ചിട്ട മുറിയില്‍ വെച്ച് സിറാജ് അതിക്രമം കാട്ടാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ബഹളംവെച്ചു. തുടര്‍ന്ന് മാതാവും സഹോദരനുമെത്തി പെണ്കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ഇവര്‍ നല്‍കിയ പരാതിയിലാണ് സിറാജിനെ ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡു ചെയ്തു.








