കാസര്‍കോട്: ഹോണ്ട സിറ്റി കാറില്‍ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍ തെക്കേപ്പുറത്തെ ടി എം ഷമീര്‍ (40), നീലേശ്വരം ബങ്കളം, സെഞ്ച്വറി ഹൗസില്‍ ടി ഷംസീര്‍ (32) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മുഖ്യപ്രതികളായ ബേക്കല്‍, പള്ളിക്കര, ബിലാല്‍ നഗര്‍, സമീറ മന്‍സിലിലെ കബീര്‍ എന്ന ലാലാ കബീര്‍ (40), കാഞ്ഞങ്ങാട്, കൊവ്വല്‍ ആവിക്കരയിലെ സജ്‌ന മന്‍സിലില്‍ മുഹമ്മദ് മിര്‍ഷാന്‍ (34) എന്നിവരെ കയ്യോടെ പിടികൂടിയിരുന്നു. ജൂലായ് നാലിനു രാവിലെ ആരിക്കാടി, ടോള്‍പ്ലാസയ്ക്കു സമീപത്തു വച്ചാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. റിമാന്റില്‍ കഴിയുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.







