തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴില്‍ വിളവൂര്‍ക്കലിലെ കാവ്യ(30)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുട്ടിക്ക് പാല് നല്‍കാന്‍ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യ പിന്നീട് പുറത്തുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കതക് തുറന്നു നോക്കിയപ്പോള്‍ ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. മരണകാരണം വ്യക്തമല്ല. രണ്ടുമാസം മുമ്പ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാവ്യയെയും ഭര്‍ത്താവ് വിഷണിവിനെയും കാണാതായിരുന്നു. പിന്നീട് ഒരാഴ്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വിഷ്ണുവിന്റെ മാതാവാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതെന്നും, വിഷ്ണു മാതാവിന്റെ നിലപാടുകള്‍ക്കൊപ്പമായിരുന്നുവെന്നും കാവ്യയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട നിസാര കാരണങ്ങള്‍ പോലും വഴക്കിലേക്ക് നയിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു.
സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബം ഉന്നയിച്ച സ്ത്രീധന പീഡനം, ജാതി അധിക്ഷേപം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.








