തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് വൈകുന്നേരം സൈറണ്‍ മുഴങ്ങും. വൈകുന്നേരം 04.00 നും 04.30 നും ഇടയിലാണ് സൈറണുകള്‍ മുഴങ്ങുക. ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകള്‍ പൊതു സമൂഹത്തെ അറിയിക്കുന്നതിനായി കേരളത്തിലെ 91 ഇടങ്ങളിലാണ് കവചം സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജുലൈ ഒന്നിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.








