തിരുവനന്തപുരം: ആറ്റുകാലില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്തു. 27 കാരി ആരതിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പരാതി. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ മാതാവിന് അയച്ചു നല്‍കിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലമാണ് ആരതി ആത്മചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ആറ്റുകാലില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും.
ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ തന്നെ ഭര്‍ത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹസമയത്ത് ആരതിക്ക് നല്‍കിയ അന്‍പതോളം പവന്‍ സ്വര്‍ണം അതുല്‍ പണയം വച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.








