കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്കെതിരെ വാട്‌സ്ആപ്പ് വഴി അധിക്ഷേപകരവും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് കര്‍ളയാണ് പരാതി നല്‍കിയത്. ‘കുമ്പള-അഴിമതിവിരുദ്ധ…’ എന്ന് തുടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു പ്രത്യേക പ്രൊഫൈലില്‍ നിന്നും മന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കുറിപ്പുകളും അശ്ലീലച്ചുവയുള്ള വോയിസ് സന്ദേശങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും വോയിസ് ക്ലിപ്പുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നു അഷ്റഫ് കര്‍ള പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിവി ജെയിംസ്, പൊതു പ്രവര്‍ത്തകന്‍ കെ വി യുസഫ് എന്നിവരും പരാതി നല്‍കാന്‍ ഒപ്പം ഉണ്ടായിരുന്നു.







