തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത അറിയിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് :
8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ) മഴക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ (ജൂൺ 22) കാസർകോട് , കണ്ണൂർ, വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.
കാറ്റും കടൽക്ഷോഭവും
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടുള്ളതല്ല.
കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക.
പൊതുജന ശ്രദ്ധയ്ക്ക്
ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളക്കെട്ടിനും കാഴ്ച്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വേഗത കുറച്ച് ശ്രദ്ധിച്ചുമാത്രം ഡ്രൈവ് ചെയ്യുക







