പാലക്കാട്: പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നെന്മാറയില്‍ കുടുംബ വഴക്കില്‍ മധ്യസ്ഥത വഹിക്കാനെത്തിയ ബന്ധു കുത്തേറ്റ് മരിച്ചു. നെന്മാറ പോത്തുണ്ടി കാല്‍നാട്ടെ അജിത്താണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ ബന്ധു അജിത്ത് തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ എത്തിയതായിരുന്നു. അപ്പോഴേക്കും അച്ഛനും മകനും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാവുകയും അജിത്തിനു കുത്തേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അജിത്തിനെ ഉടന്‍ നെന്മാറ ഗവ. ആശുപത്രിയിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അജിത്തിന്റെ സഹോദരന്റെ മകനായ സിജിനെ നെന്മാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.







