ഫ്ലോറിഡയിൽ മലമ്പാമ്പ് വേട്ട: 3,600 കിലോഗ്രാമിലധികം ബർമീസ് മലമ്പാമ്പുകളെ പിടികൂടി

പി പി ചെറിയാൻ

നേപ്പിൾസ്, ഫ്ലോറിഡ: തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ പരിസ്ഥിതിക്ക് വൻ ഭീഷണിയായ 177 ബർമീസ് മലമ്പാമ്പുകളെ കൺസർവൻസി ബയോളജിസ്റ്റുകൾ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665 കിലോഗ്രാം) തൂക്കം വരുന്ന പാമ്പുകളെയാണ് ഇത്തവണ നീക്കം ചെയ്തത്. ഇത് മുൻവർഷത്തെ റെക്കോർഡുകളെയെല്ലാം മറികടന്നുകൊണ്ടുള്ള റെക്കോർഡ് വേട്ടയാണ്. കഴിഞ്ഞ വർഷം 6,300 പൗണ്ട് പാമ്പുകളെയായിരുന്നു പിടികൂടിയിരുന്നത്.

ആൺപാമ്പുകളിൽ റേഡിയോ ടെലിമെട്രി ചിപ്പുകൾ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടാണ് ബയോളജിസ്റ്റുകൾ പെൺപാമ്പുകളെയും അവയുടെ താവളങ്ങളെയും കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുൻപ് തന്നെ ഇവയെ പിടികൂടാൻ സാധിച്ചു.

ഇത്തവണ പിടികൂടിയതിൽ ഏറ്റവും വലിയ പെൺപാമ്പിന് 153 പൗണ്ട് (ഏകദേശം 69 കിലോ) തൂക്കവും 17 അടി നീളവുമുണ്ടായിരുന്നു.

ഈ സീസണിൽ മാത്രം പാമ്പുകളുടെ 4,100-ലധികം മുട്ടകളും പരിസ്ഥിതിയിൽ നിന്ന് വിജയകരമായി നീക്കം ചെയ്തു. പിടികൂടിയ പെൺപാമ്പുകളുടെ വയറ്റിൽ നിന്ന് മാൻ അടക്കമുള്ള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2013 മുതൽ ഇതുവരെ 53,000 പൗണ്ടിലധികം (24,000 കിലോ) മലമ്പാമ്പുകളെയാണ് ഈ പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. ഇവയുടെ പെരുപ്പം തടയുന്നതിനായി ഫ്ലോറിഡ സർക്കാർ നടത്തുന്ന ‘ഫ്ലോറിഡ പൈത്തൺ ചലഞ്ച്’ ഈ വർഷം ജൂലൈ 10 മുതൽ 19 വരെ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page