ആലപ്പുഴ: കുളിക്കുന്നതിനിടെ തോട്ടില്‍ മുങ്ങിത്താഴ്ന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ സാഹസികമായി രക്ഷിച്ചു. പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് കൂട്ടുകാരായ ഷാരോണ്‍ സെബാസ്റ്റ്യന്‍, മൈക്കിള്‍ സി.സിജോ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ചശേഷം സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.
നീന്തുന്നതിനിടെ ആഴമേറിയ സ്ഥലത്ത് മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിയെ കൂടെയുണ്ടായിരുന്ന മൈക്കിള്‍ പിടിച്ചുവലിച്ച് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു കുട്ടികളുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ ഷാരോണ്‍, മൈക്കിളിനൊപ്പം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു.







