പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യപ്രതി ഷോര്‍ണൂരില്‍ പിടിയിലായി. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി രാജന്‍ എന്ന അണ്ണാച്ചി രാജന്‍ (35) ആണ് ഷോര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.
ഏതാനും ദിവസം മുമ്പ് ഷോര്‍ണൂര്‍ മുതലിയാര്‍ തെരുവിലെ ഒരു വീട്ടില്‍ നിന്നു 20 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച പോയിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് അണ്ണാച്ചി രാജന്‍ നാടകീയമായി പിടിയിലായത്. കവര്‍ച്ചാ മുതലുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് കാത്തിരുന്നാണ് മോഷ്ടാവിനെ പിടികൂടിയതെന്നാണ് സൂചന. ഷോര്‍ണൂരിലെ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു. പൂച്ചക്കാട്, അരയാല്‍ത്തറയിലെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. മെയ് എട്ടിനും 9നും ഇടയിലുള്ള സമയത്താണ് ഇരുനില വീട്ടില്‍ കവര്‍ച്ച നടന്നത്.
അറസ്റ്റിലായ അണ്ണാച്ചി രാജനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30 വോളം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
കേരളത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂര്‍, വടകര എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page