തൃശ്ശൂർ: യുവതിയുമായി പ്രണയം അഭിനയിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം തട്ടിയെടുത്ത ശേഷം ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പിന് ശ്രമിച്ച തലശ്ശേരി സ്വദേശിയായ വിരുതനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു .
തലശ്ശേരിയിലെ ഫഹിം അഹമ്മദാണ് (23) പിടിയിലായതു്. സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പ്രണയത്തിലായ ഇയാൾ സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. പ്രണയം കടുത്ത ഘട്ടത്തിൽ എത്തിയപ്പോഴായിരുന്നു സാമ്പത്തിക സഹായ അഭ്യർത്ഥന. പണം ഇല്ലെങ്കിൽ പ്രണയം ഉപേക്ഷിക്കേണ്ടി വരും എന്ന് ഭീഷണിക്കു മുന്നിൽ ദുർബലയായ യുവതി കഴിഞ്ഞ ഒക്ടോബറിൽ തന്റെ നാലു പവൻ വരുന്ന മാല ഫഹീമിനു നൽകി. അതിനുശേഷം വീണ്ടും ഫഹിം യുവതിയോട് പണം ആവശ്യപ്പെടുകയായിരുന്നു. അതിനു വിസമ്മതിച്ച യുവതിയോട് ,താനും യുവതിയും ഒന്നിച്ചുള്ള ചിത്രം വീട്ടുകാർക്ക് അയച്ചുകൊടുക്കും എന്നായിരുന്നു അടുത്ത ഭീഷണി . ഇതിൽ ഭയന്ന യുവതി ഇക്കഴിഞ്ഞ ജനുവരിയിൽ
നാലു പവൻ മറ്റു സ്വർണ്ണാഭരണങ്ങൾ കൂടി നൽകി . അതു കഴിഞ്ഞപ്പോൾ ഫഹിം പിന്നീടും പണത്തിന് ശല്യപ്പെടുത്തി. ഇതോടെ യുവതി പോലീസിനെ സമീപിച്ചു. യുവതിയുടെ പരാതിയെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്തിയ ശേഷമാണ് പ്രണയവിരുതന്നെ പോലീസ് തലശ്ശേരിയിൽ നിന്ന് പിടികൂടിയത് .







