കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്റെ മകന്‍ ഷബീല്‍(17) ആണ് മരിച്ചത്. കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷബീല്‍ കൂട്ടുകാരായ രണ്ട് പേര്‍ക്കൊപ്പമാണ് ഇവിടെയെത്തിയത്.
എന്നാല്‍ തങ്ങള്‍ക്കൊപ്പം ഷബീല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഷബീലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.







