തൃശൂര്‍: ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ചു കമ്മലിട്ടു കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുമെന്ന പി വി അന്‍വറിന്റെ വെല്ലുവിളിയെ തല മൊട്ടയടിക്കാരുടെ അഖിലാണ്ഡ സംഘടനയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍ അപലപിച്ചു. വെല്ലുവിളിക്കു അന്‍വറിനു വാശിയുണ്ടെങ്കില്‍ തല പകുതി മാത്രം മൊട്ടയടിച്ചു പൊതുജനമധ്യത്തിലൂടെ നടക്കാന്‍ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പി വി അന്‍വറിനെ വെല്ലുവിളിച്ചു.
മൊട്ടയടിക്കുന്നതു മോശം കാര്യമായാണ് അന്‍വര്‍ ചിത്രീകരിച്ചതെന്നു സജീഷ് പറഞ്ഞു. അതിനോടു യോജിക്കാനാവില്ല. മാത്രമല്ല, തല മൊട്ടയടിച്ചു കമ്മലിട്ടു നടക്കുന്നത് ഒരു സ്‌റ്റൈലാണ്. അന്‍വറിനു വീറും വാശിയുമുണ്ടെങ്കില്‍ തല പകുതി മൊട്ടയടിച്ചു നടുറോഡിലൂടെ നടക്കട്ടെ.
മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷനില്‍ 40 രാജ്യങ്ങളിലായി രണ്ടായിരത്തോളം അംഗങ്ങളുണ്ടെന്നു സജീഷ് ചൂണ്ടിക്കാട്ടി. ഇവരില്‍ കര്‍ഷകന്‍ മുതല്‍ പൈലറ്റുമാര്‍വരെ ഉള്ളവരുണ്ട്. അവര്‍ മൊട്ടയടിച്ചു അഭിമാനത്തോടെ ജീവിക്കുന്നു. അഖില ലോക സംഘടന അന്‍വറിനെ ഓര്‍മ്മിപ്പിച്ചു.







