കാസര്‍കോട്: കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറപ്പുറത്തെ കട്ടക്കളി കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസ് റെയ്ഡ്. 9350 രൂപയുമായി വ്യത്യസ്ത പ്രദേശങ്ങളിലുള്ള നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബേഡകം എസ്‌ഐ സിഎം സാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യത്തെ റെയ്ഡില്‍ വെസ്റ്റ് എളേരി, നെല്ലിക്കാട്ട് ഹൗസിലെ കെ. വിനോദ് (42), ബളാല്‍ ചുള്ളി, നായിക്കര്‍ വീട്ടില്‍ എന്‍ ഷാജി (22) എന്നിവരെ അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു 5510 രൂപ പിടികൂടി. പൊലീസിനെ കണ്ടതോടെ മറ്റു കളിക്കാര്‍ ഓടി രക്ഷപ്പെട്ടു. രാത്രി 11 മണിയോടെ വീണ്ടും നടത്തിയ റെയ്ഡില്‍ 3840 രൂപയുമായി രണ്ടു പേരാണ് അറസ്റ്റിലായത്. കരിവേടകം, ഏണിയാടി ഹൗസിലെ എച്ച് ഹൈദര്‍ (45), കരിവേടകം താഴത്തുഹൗസിലെ ടി വിദ്യാര്‍ത്ഥി (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്റലിജന്‍സ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുറ്റിക്കോലിലെ ‘ കട്ടക്കളി കേന്ദ്രത്തില്‍ മൂന്നു ദിവസങ്ങളിലായി പൊലീസ് റെയ്ഡ് നടത്തിയത്.






